മട്ടാഞ്ചേരിയുടെ കഥ

360 BC യിലാണ് ജൂതന്മാർ വ്യാപാരത്തിനും മറ്റുമായി കേരളത്തിലേക്കു വരുന്നത്. കൊടുങ്ങല്ലൂർ രാജാവിന്റെ പ്രീതിക്കു പാത്രമായ ഇവർ പ്രത്യേക രാജപദവിയും ആരാധനാലയങ്ങൾ പണിയുന്നതിനുള്ള സ്വാതന്ത്ര്യവും നേടിയെടുത്തു. അന്നു തൊട്ടാണ് കൊടുങ്ങല്ലൂരിനും പരിസരപ്രദേശത്തുമായി അധിവസിക്കുന്ന മലബാറി ജൂതന്മാരുടെ കഥ ആരംഭിക്കുന്നത്. സോളമന്റെ കാലം തൊട്ടേ ആരംഭിച്ച  പരമ്പര ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൂതസമൂഹവുമാണ്.

മട്ടാഞ്ചേരിക്കു പറയാൻ ഈ കഥ മാത്രമല്ല ഉള്ളത്. മലഞ്ചരക്കുകളുടെ സുഗന്ധം നിറഞ്ഞ ഇടുങ്ങിയ തെരുവീഥികളിൽ ജൂതനും പാഴ്സിയും വെള്ളക്കാരനും മുസ്ലീമും ആഫ്രിക്കനും ദ്രാവിഡനും തമ്മിൽത്തിരിച്ചറിയാൻ വയ്യാത്തവിധം ഇടകലർന്നലിഞ്ഞ കഥകൾ...  കാലഘട്ടങ്ങുടെ തുരുമ്പ് വീഴാതെ വംശ മഹിമയും വിശ്വാസവും കാത്തുസൂക്ഷിച്ചവരുടെ കഥകൾ... നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും കഥകൾ... അങ്ങനെ ചരിത്രങ്ങൾ പറയാതെ വച്ച പലതും...

ഇത്രയുമൊക്കെപ്പറഞ്ഞ സ്ഥിതിക്ക് മട്ടാഞ്ചേരിക്ക് പോയ ആ കഥ കൂടി അങ്ങ് പറഞ്ഞേക്കാം. 

ക്ലാസിലെ ബോറടിയും യാത്രാക്ഷീണവും കൊണ്ട് ഗതികെട്ടാണ് ഒരു അമിട്ടടി പ്ലാൻ ചെയ്തത്. അങ്ങനെ എന്നത്തെയും പോലെ HMT യിൽ നിന്ന്ആരംഭം. ഈ  ഫോർട്ട് കൊച്ചിക്ക് എത്ര ബസാണ് പോകുന്നത്! ഒരൊറ്റ എണ്ണം മട്ടാഞ്ചേരിക്കില്ല. എങ്കിൽപ്പിന്നെ തോപ്പുംപടി ഇറങ്ങി പോകാൻ തീരുമാനിച്ചു. കോഴിക്കോട്ടെ ഓട്ടോച്ചേട്ടന്മാരപ്പോലെയാണ് എറണാകുളത്തെ കണ്ടക്ടർമാർ. "നിങ്ങ കപ്പ്ലണ്ടിമുക്കെറങ്ങിക്കോടോ...അല്ലെ തോപ്പുംപടി എറങ്ങ്യാ എപ്പ്ഴും ബസൊണ്ട്. ഏഴു രൂപ" . എറണാകുളം മൊത്തം കറങ്ങിയാണല്ലോ ഈ പടുതകളൊക്കെ പോകുന്നത്. മെട്രോതുടെ തണലുപറ്റി  ഇടപ്പള്ളി മേൽപ്പാലം, കലൂർ, നോർത്ത്,  MG റോഡ്, പത്മ, സൗത്ത്,  തേവര... അങ്ങനെ വഴി നീണ്ട് കിടക്കുകയാണ്. 

വെണ്ടുരുത്തി പാലത്തിലൂടെ നേവൽ ബേസിലേയ്ക്കിറങ്ങാം. മുന്നോട്ട് പോകുമ്പോൾ റോഡിന് അരികിലൂടെ ഒരു റെയിൽപ്പാളം കാണാം. ഇടയ്ക്ക് പാളം മുറിച്ച് റോഡ് രണ്ടായി തിരിയുന്നു. പാളം കടന്നാൽ പെരുമ്പടപ്പ്,ചെല്ലാനം, ഇടക്കൊച്ചി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, കുമ്പളങ്ങി തുടങ്ങിയ ഒറിജിനൽ കൊച്ചിയിലേക്ക്. നേരേ പോയാൽ ഐലന്റിലേക്കും.

BOT പാലം കടന്ന് K. R. രാഘവൻ ഗേറ്റിൽ വച്ച് ചെല്ലാനം, പെരുമ്പടപ്പ്,  ഇടക്കൊച്ചി, കുമ്പളങ്ങി ഒക്കെ ഇടത്തോട്ടും വലത്ത് വളഞ്ഞ് ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും.

തോപ്പുംപടിയെത്തി. വണ്ടി മാറിക്കയറേണ്ട സമയമായി. പറഞ്ഞപോലെ തന്നെ മട്ടാഞ്ചേരി വണ്ടി വന്നു. 7 രൂപ ടിക്കറ്റും. കപ്പലണ്ടിമുക്കിൽ വച്ച് ഇടത്തോട്ടു തിരിഞ്ഞു. അവസാനംമട്ടാഞ്ചേരി സ്റ്റാന്റിലെത്തി. ജൂ ടൗണും പാലസും കാണണം. 

ചുറ്റും പലതരത്തിലുള്ള കടകളാണ്. വിലപേശൽ ഒന്നും കൂടാതെ തന്നെ വിലകുറച്ച് തരുന്ന കൊച്ചിക്കാരൻ ചേട്ടന്മാർ. കടയിൽ തിരക്കു കണ്ടാൽ വെള്ളക്കാർ കയറില്ല. അതുകൊണ്ട് നാടൻ സഞ്ചാരികളെ അവർ സ്നേഹത്തോടെ ആട്ടിയോടിക്കും. 
copyrighted image.(Ask blogger if you want to use it)

ഹിന്ദി സിനിമയിലൊക്കെ കണ്ടിരിക്കുന്ന പോലെ വീതി കുറഞ്ഞ വഴിയും ചുറ്റും ഉയർന്ന കെട്ടിടങ്ങളുമാണ് ജൂതത്തെരുവിലും. പ്രതാപം മുഴുവനായി ചോർന്നു പോകാത്ത പഴയ വ്യാപാരമുറികളെ നവീകരിച്ച്, കൂനകൂട്ടിയ കളർഫുൾ കുങ്കുമങ്ങളും ചരിത്രവസ്തുക്കളും തുണിത്തരങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമൊക്കെയാണ് വിൽപ്പനയ്ക്കു വച്ചിരിക്കുന്നത്. തുടുത്ത കവിളും പൂച്ചക്കണ്ണുമുള്ള  ജൂതന്മാരാണ് കട ഉടമസ്ഥർ. പൗരാണിക രീതിയിൽ വസ്ത്രം ധരിച്ച പഴയ മനുഷ്യരും ടീ ഷർട്ടും ജീൻസുമിട്ട് മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുന്ന ഫ്രീക്കൻമാരും ഉണ്ട് ആ കൂട്ടത്തിൽ. 

തെരുവ് മൊത്തം നടന്ന് ഒരറ്റത്തത്തെത്തിയിട്ടും സിനഗോഗ് മാത്രം കണ്ടില്ല.  ഒന്ന് വഴി ചോദിക്കാൻ പോന്ന ആരെയും കണ്ടതുമില്ല. നിരാശരായി തിരികെ നടക്കുമ്പോൾ കൈലിമുണ്ടും കാക്കി ഷർട്ടുമിട്ട ഒരു ചേട്ടൻ നടന്നുവരുന്നു.

"ഈ സിനഗോഗ് എവിടെയാ ചേട്ടാ?"

"ആ... പള്ള്യാണോ? നേരേ പോയാ മതി"
copyrighted image.(Ask blogger if you want to use it)

കോട്ടപോലെയുള്ള ഭിത്തിപ്പുറങ്ങളുള്ള തെരുവിന്റെ ഒരു മൂലയ്ക്കാണ് സിനഗോഗ്. ഒരു വലിയ ക്ലോക്ക് ഉണ്ടെന്നതാണ്
ആകെയുള്ള അടയാളം. അവിടെ സിനഗോഗും ഒരു ചെറിയ മ്യൂസിയവും മാത്രമാണുള്ളത്. അകത്ത് കയറുന്നതിന് ആളൊന്നിന് 5 രൂപയുടെ പാസും എടുക്കണം. മ്യൂസിയത്തിൽ ജൂതന്മാരുടെ ചരിത്രം ചിത്രസഹിതം വിവരിച്ചിട്ടുണ്ട്. ഇന്നും ഈ ചിത്രങ്ങളാണ് ജൂതചരിത്രത്തിന്റെ അവസാനവാക്ക് എന്നു തോന്നുന്നു. ഇവിടുള്ളതിൽ കൂടുതലായി ഒന്നും വിക്കിപീഡിയയിൽ പോലുമില്ല!

ശനിയാഴ്ചയും മറ്റു യഹൂദ വിശേഷദിവസങ്ങളിലും സിനഗോഗ് സന്ദർശകർക്ക് തുറന്നുകൊടുക്കാറില്ല.
നടുക്ക് ഒരു പ്രസംഗപീഠവും ചുറ്റും ഇരിപ്പിടങ്ങളുമായിട്ടാണ് സിനഗോഗ് ക്രമീകരിച്ചിരിക്കുന്നത്. യഹൂദ ആചാരങ്ങളുടെ ഭാഗമായിട്ടാകണം പുറത്ത് തെല്ലുയർത്തിക്കെട്ടിയ ആഴം കുറഞ്ഞ ഒരു കിണറുമുണ്ട്. എല്ലാം മലയാളത്തിലും പിന്നെയേതോ പശ്ചിമേഷ്യൻ ലിപിയിലും എഴുതി വച്ചിട്ടുണ്ട്. വിശ്വാസികളേക്കാളേറെ കാഴ്ച്ചക്കാരാണ്  വരുന്നത്. വിദേശികളാണ് ഏറെയും. അല്ലെങ്കിലും ചരിത്രവും സംസ്കാരങ്ങളും തൊട്ടറിയാനുള്ള ത്വര നമ്മളേക്കാൽ കൂടുതൽ അവർക്കാണല്ലോ

സമയം അതിക്രമിച്ചു. മടങ്ങാം. ഒന്നും വെറുതേയായില്ല. അത് മാത്രം മതി.

അജിൻ J
03/11/2017 
visit here:

Comments

Popular posts from this blog

🦅"ജടായു പാറ"🦅...The Earths center

💓ഒരു മുഹബത്തിന്റെ കട്ടൻ ⏩

മലബാറിലെ മീശപ്പുലിമല