ആലുവ യാത്ര
ഒരു നഗരത്തിന്റെ പടിവാതിൽക്കലെത്തിയിട്ടും അതിൽ പ്രവേശിക്കാതെ മടങ്ങി പോവുന്നത് എന്ത് കഷ്ടമാണ്.! സത്യത്തിൽ ഈയൊരു ചിന്തയായിരുന്നു എല്ലാ ആഴ്ചയും HMT വരെ വന്നിട്ട് തിരികെ വീട്ടിൽപ്പോവുമ്പോൾ തോന്നിയിരുന്നത്. HMT യിൽ നിന്ന് ആലുവയ്ക്ക് 6 km മാത്രമേ ഉള്ളൂ എന്നും മിനിമം ചാർജേ ആകൂ എന്നും കേട്ടിരുന്നു. പക്ഷേ ഇതുവരെയും ഒന്നു പോയിക്കാണാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ ഈ ആഴ്ചയും വൈകുന്നേരമായപ്പോൾ ഒന്ന് പോയി നോക്കുവാൻ എന്താണെന്നറിയാത്ത ഒരാഗ്രഹം. ബസിലൊക്കെ നല്ല തിരക്കും. അങ്ങനെ നിൽക്കുമ്പോൾ ദാ വരുന്നൂ ഒരു ആളൊഴിഞ്ഞ(തിരക്കു കുറഞ്ഞ) ഒരു KSRTC ബസ്. പിന്നെ ഒന്നും നോക്കിയില്ല ചാടിക്കയറി. സീറ്റിലിരിക്കും മുൻപേ കണ്ടക്ടർ 10 രൂപ ആലുവ ടിക്കറ്റും അടിച്ച് കയ്യിൽത്തന്നു. പ്രീമിയർ എത്തിയപ്പോൾ ബസ് നിറയെ യാത്രക്കാരുമായി. അപ്പോളോയുടെ മുൻപിലെത്തിയപ്പോൾ വഴി രണ്ടായി തിരിയുന്നു. നേരേ പോയാൽ ആലുവ, എങ്കിൽ ചെങ്കൊടികൾ നിരത്തിക്കുത്തിയ ആ ഇടത്തേക്കുള്ള വഴി ഏലൂർക്ക് ആയിരിക്കണം. മുട്ടത്തെത്തിയപ്പോൾ മുതൽ ഒരു ആലുവ ഗന്ധം അനുഭവപ്പെട്ടുതുടങ്ങി. മുട്ടം മെട്രോ സ്റ്റേഷൻ വ്യത്യസ്തമായ രീതിയിലാണ് നിർമ്മിച...