തൃശ്ശിവപേരൂർ ഇസ്തം....!
സംസ്കാരിക തലസ്ഥാനം, പകരം വയ്ക്കാനില്ലാത്ത പൈതൃകം, പൂരം, ആന, പുലികളി,
വടക്കും നാഥൻ, സ്വരാജ് റൗണ്ട്, മണിയും നാടൻപാട്ടും, അതിരപ്പള്ളി, ചിമ്മിനി
... തൃശൂരിനെക്കുറിച്ച് പറഞ്ഞാൽ തീരുകയേയില്ല. അപ്പോൾ പിന്നെ കള്ളിന്റെയും
തള്ളിന്റെയും കപ്പയുടെയും റബ്ബറിന്റെയും നാട്ടിൽ നിന്ന് വടക്കുംനാഥന്റെ
മണ്ണ് ചവിട്ടാൻ അങ്ങനെ ചുമ്മാ അങ്ങ് പോകാൻ പറ്റ്വോടാവേ? കുറച്ച്
കൊഴുപ്പൊക്കെ വേണ്ടേ. പാലായുടെ കോഴിക്കോടൻ സൂപ്പർ(ATC 28) ആണെങ്കിൽ
മൊത്തത്തിൽ ഒരു മിഞ്ജലമൊക്കെ വരും. പാലായുടെ സൂപ്പറിനെ ഇതുവരെ ആരും
പരിചയപ്പെടുത്തിത്തന്നിട്ടില്ല. 9 എണ്ണമുണ്ടെങ്കിലും ഇന്നുവരെ ഒന്നിന്റെയും
പിന്നാമ്പുറം പോലും ആരും കണ്ടിട്ടില്ല.
ഒരു പൊടിക്ക് താമസിച്ചുപോയി. അതുകൊണ്ട് കൊട്ടാരമറ്റത്തു നിന്നാണ് കയറിയത്.
വിൻഡോ പോയിട്ട് ഒറ്റ സീറ്റ് പോലും കാണുന്നില്ല. ഈ നട്ടുച്ചയ്ക്കും
കോഴിക്കോട് പോകാൻ ഇത്ര തിരക്കോ? ബർത്ത് വരെ ടൈറ്റ് ലോഡാണ്. അവസാനം ഒരു
നടുസീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മരങ്ങാട്ടുപള്ളി-ഉഴവൂർ-അരീക്കര-വെളിയന്നൂർ-കൂത്താട്ടുകുളം. പ്രൈവറ്റിനു
പോകുമ്പോഴും RPC 110 നു പോകുമ്പോഴും ഒത്തിരി പിരാകിയ വഴിയാണ്. പക്ഷേ
സൂപ്പറിനു പോകുമ്പോൾ ഒരു പ്രത്യേക സുഖം. കൂത്താട്ടുകുളം മുതൽ MC റോഡാണ്.
ഇപ്പോഴും പണി മുഴുവനായി തീർന്നിട്ടില്ലാത്തതുകൊണ്ട് ഇടയ്ക്കിടെ ബ്ലോക്കും
വരുന്നുണ്ട്. കേരളത്തിലെ കുന്നിടിച്ചു നിരത്തലിന്റെ ആഴം അറിയണമെങ്കിൽ MC
റോഡിലൂടെ തന്നെ പോണം. തലയ്ക്കൽ തന്നെ ഒരു കോഴിക്കോട് FP
പറപ്പിക്കുന്നുമുണ്ട്.
മൂവാറ്റുപുഴ വച്ച് കിട്ടിയ ഒരു വിൻഡോ സീറ്റിൽ NH ന്റെ ഓരങ്ങളെ
തുറിച്ചുനോക്കാനാരംഭിച്ചു. മണ്ഡല കാലമായതിനാൽ അയ്യപ്പഭക്തന്മാർക്ക്
എല്ലാവിധ ആശ്വാസ സൗകര്യങ്ങളും കീഴില്ലത്ത് ഒരുക്കിയിട്ടുണ്ട്. പുണ്യാളന്റെ
പ്രതിമയിൽ പടർന്നു കയറിയ പുൽച്ചെടി മുഖം മാത്രം മറയ്ക്കാതെ തഴച്ചുവളർന്ന
പുല്ലുവഴി വാ. സി. റാണി മരിയയുടെ നാമധേയത്തിലാണ് ഇന്നേറെപ്പേർക്കും പരിചയം.
മതതീവ്രവാദങ്ങൾ മനുഷ്യജീവന് പുല്ലുവിലയിടുമ്പോഴും സ്വന്തം കൊലപാതകിയെ വരെ
മാനസാന്തരത്തിലേക്ക് നയിച്ച വിശുദ്ധി ആയിരങ്ങളെ പുല്ലുവഴിയിലേക്ക് മാടി
വിളിക്കുന്നു.
പെരുമ്പാവൂരിൽ 10 മിനിറ്റ് വിശ്രമം ഉണ്ട്. ദീർഘദൂരങ്ങളെ സ്റ്റാന്റിന്റെ
മൂലയ്ക്ക് വിസിലടിച്ച് ഒതുക്കിയിടാനും ഭക്ഷണം കഴിക്കാൻ സമയമുണ്ടെന്ന്
വിളിച്ചു പറയുന്നതും ബംഗാളിപ്പയ്യൻമാരാണ്! ആ ഗ്യാപ്പിൽ അടുത്തു കിടന്ന
സൂപ്പറിനെ ആർത്തി പിടിച്ച് ക്ലിക്കി. ഈ ചെറുക്കനു ഭ്രാന്താണോ എന്ന്
കാണുന്നവരെക്കൊണ്ട് പറയിപ്പിക്കുന്ന തരത്തിലുള്ള മരണ ക്ലിക്ക്.
പുട്ടുപൊടിക്ക് പേരുകേട്ട നാടാണ് ഒക്കൽ. നിറപറയും ഫ്രെഷും മലയാളത്തിന്റെ
അടുക്കളകളിൽ ആധിപത്യം നേടിയെടുത്തവരാണ്. ശ്രീശങ്കരന്റെ കാലടിയും കടന്ന്
പെപ്പെയും ഗ്യാങ്ങും അർമ്മാദിച്ചു നടന്ന അങ്കമാലിയിലേക്ക്.
പന്നിയിറച്ചി വിൽപ്പനയ്ക് എന്ന ഒറ്റ ബോർഡ് മതി അങ്കമാലിയുടെ പാരമ്പര്യത്തിന്. സ്റ്റാൻഡിൽ വച്ച് ഒരുത്തൻ വീശിയെടുത്ത് നമ്മുടെ മുന്നിൽ കൊണ്ട് ചവിട്ടി. തിരുവമ്പാടിയുടെ ഈരാറ്റുപേട്ട സൂപ്പറാണ്. യാതൊരു മൈൻഡുമില്ലാതെ ആശാൻ വന്ന പോലെ ഇറങ്ങിപ്പോയി. MC റോഡ് ഇതുവരെയും തീർന്നിട്ടില്ലന്നോ? അതോ ഇടയ്ക്കെപ്പഴോ NH ആയി രൂപാന്തരം പ്രാപിച്ചതാണോ?
കൊരട്ടി മുത്തിയെ വണങ്ങി ഡിവൈൻ ധ്യാന കേന്ദ്രവും പിന്നിട്ട് ചാലക്കുടി.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുരിങ്ങൂര് ഡിവൈനിൽ ധ്യാനത്തിനു
വന്നിട്ടുണ്ട്. അതൊഴിച്ചാൽ ചാലക്കുടി ഇന്നും മണിച്ചേട്ടന്റെ മാത്രമാണ്.
മേൽപ്പാലത്തിനു താഴെയുള്ള ഓട്ടോച്ചേട്ടന്മാരെ കണ്ടപ്പോൾ അറിയാതെ രണ്ടുവരി
മനസ്സിൽ വന്നു പോയി.
"ആരാരുമാകാത്ത കാലത്ത് ഞാന് ഓട്ടി നടന്ന വണ്ടി,
എന്റെ കുടുംബത്തിൻ പട്ടിണി മാറ്റിയ ദൈവമാണോട്ടവണ്ടി"
എന്റെ കുടുംബത്തിൻ പട്ടിണി മാറ്റിയ ദൈവമാണോട്ടവണ്ടി"
മാനസാന്തരത്തിന്റെ ഒറ്റവാക്കാണ് പോട്ട. നീട്ടി വരച്ച നേർരേഖ പോലെയുള്ള NH
ലെ പല സ്ഥലങ്ങളും എവിടെയെക്കെയോ കേട്ടുപരിചയിച്ച പോലെ.
പേരാമ്പ്ര-കൊടകര-നെല്ലായി-നന്തിക്കര-ആമ്പല്ലൂർ എല്ലാം റിപ്പീറ്റാണ്.
ആനത്താര പോലെ ഒരു ആനവണ്ടിത്താര ഉള്ളത് പുതുക്കാടാണ്. KSRTC ബസുകൾ റോഡ്
ക്രോസ് ചെയ്യുന്നത് മറ്റു വാഹനങ്ങൾ ശ്രദ്ധിക്കണമെന്ന്! പണ്ടത്തെ ആമ്പല്ലൂർ
സബ് ഡിപ്പോയാണ് ഇന്ന് പുതുക്കാട്ടേയ്ക്ക് മാറ്റി സ്ഥാപിച്ചത്.
പാലിയേക്കര ടോൾ പ്ലാസ സുപ്രീം കോടതി വരെ കയറിയിട്ടുണ്ട്. പക്ഷേ ആ വാർത്താ
താരം നമ്മുക്ക് ഒരു ഫ്രീ പാസ് തന്നു. സൂപ്പർ പറപ്പിക്കുകയാണ്. കാറ്റടിച്ച്
മുഖവും മുടിയും വരണ്ടു. ചൂടിന്റെ ആധിക്യം മൂലം പലസീറ്റുകളിലും
ഷട്ടറിട്ടിട്ടുണ്ട്. തലോറിൽ നിന്ന് ബൈപാസിലൂടെ ശക്തൻ സ്റ്റാൻഡ്, പിന്നെ
KSRTC.
മൊത്തത്തിൽ ഒരു പെണ്ണുകാണൽ ചടങ്ങ് പോലെ തോന്നുന്നു. എല്ലാവരുടെയും
മുന്നിലേക്ക് ചായയുമായി വരുന്ന പെണ്ണിനെ നോക്കാതെനോക്കി എനിക്കിവളെ ഇഷ്ടായി
എന്നു പറയുന്ന ഫീൽ. എന്താണെങ്കിലും പെണ്ണ് കെട്ടുമ്പോ തൃശൂരോ തൊടുപുഴയോ,
അതിന്
മാറ്റം വരാത്തപോലെ. സ്വയം ധൃതംഗപുളകിതനായതല്ല, തള്ളിൽ നിന്ന് ഉള്ളതിലേക്ക് ഇത്രയും ദൂരം ഉണ്ടെന്ന് ആരും പറയാതിരുന്നത് എന്താവാം?
മാറ്റം വരാത്തപോലെ. സ്വയം ധൃതംഗപുളകിതനായതല്ല, തള്ളിൽ നിന്ന് ഉള്ളതിലേക്ക് ഇത്രയും ദൂരം ഉണ്ടെന്ന് ആരും പറയാതിരുന്നത് എന്താവാം?
ചുരുക്കത്തിൽ എനിക്കിഷ്ടായി. ഞാനെടുക്കുകയാണ്. എന്റെ ഹൃദയത്തിലേക്ക്.
അജിൻ J.
19/12/2017
19/12/2017


Comments
Post a Comment