ആലുവ യാത്ര

ഒരു നഗരത്തിന്റെ പടിവാതിൽക്കലെത്തിയിട്ടും അതിൽ പ്രവേശിക്കാതെ മടങ്ങി പോവുന്നത് എന്ത് കഷ്ടമാണ്.!

സത്യത്തിൽ ഈയൊരു ചിന്തയായിരുന്നു എല്ലാ ആഴ്ചയും HMT വരെ വന്നിട്ട് തിരികെ വീട്ടിൽപ്പോവുമ്പോൾ തോന്നിയിരുന്നത്. HMT  യിൽ നിന്ന് ആലുവയ്ക്ക് 6 km മാത്രമേ ഉള്ളൂ എന്നും മിനിമം ചാർജേ ആകൂ എന്നും കേട്ടിരുന്നു. പക്ഷേ ഇതുവരെയും ഒന്നു പോയിക്കാണാൻ കഴിഞ്ഞിട്ടില്ല.
അങ്ങനെ ഈ ആഴ്ചയും  വൈകുന്നേരമായപ്പോൾ ഒന്ന് പോയി നോക്കുവാൻ എന്താണെന്നറിയാത്ത ഒരാഗ്രഹം. ബസിലൊക്കെ നല്ല തിരക്കും. അങ്ങനെ നിൽക്കുമ്പോൾ ദാ വരുന്നൂ ഒരു ആളൊഴിഞ്ഞ(തിരക്കു കുറഞ്ഞ) ഒരു KSRTC ബസ്. പിന്നെ ഒന്നും നോക്കിയില്ല ചാടിക്കയറി. സീറ്റിലിരിക്കും മുൻപേ കണ്ടക്ടർ 10 രൂപ ആലുവ ടിക്കറ്റും അടിച്ച് കയ്യിൽത്തന്നു. പ്രീമിയർ എത്തിയപ്പോൾ ബസ് നിറയെ യാത്രക്കാരുമായി.


അപ്പോളോയുടെ മുൻപിലെത്തിയപ്പോൾ വഴി രണ്ടായി തിരിയുന്നു. നേരേ പോയാൽ ആലുവ, എങ്കിൽ ചെങ്കൊടികൾ നിരത്തിക്കുത്തിയ ആ ഇടത്തേക്കുള്ള വഴി ഏലൂർക്ക് ആയിരിക്കണം.
മുട്ടത്തെത്തിയപ്പോൾ മുതൽ ഒരു ആലുവ ഗന്ധം അനുഭവപ്പെട്ടുതുടങ്ങി. മുട്ടം മെട്രോ സ്റ്റേഷൻ വ്യത്യസ്തമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.തൂണുകൾക്കു പകരം ഒരു ഉയർന്ന മൺതിട്ടയിൽ പണിതുയർത്തിയിട്ട് എസ്കലേറ്ററിനു പകരം കോണിപ്പടികളുമാണുള്ളത്. ഇടപ്പള്ളിയിലേതു പോലെ ഒരു പുതിയ extension ഉം പണിയുന്നുണ്ട്.
തായിക്കാട്ടുകരയും അമ്പാട്ടുകാവും കമ്പനിപ്പടിയും ഒന്നൊന്നായി പിന്നിട്ടു. ഇതിനിടയിൽ കയറിയതും കയറാത്തതുമായ കുറെയേറെ മേൽപ്പാലങ്ങൾ, പിന്നോട്ടോടുന്ന മെട്രോ തൂണുകൾ, ചൂർണ്ണിക്കര പഞ്ചായത്തിന്റെ സ്വന്തം വെയിറ്റിംഗ് ഷെഡ്ഡുകൾ, കട കമ്പോളങ്ങൾ, പള്ളികൾ, പള്ളിക്കൂടങ്ങൾ...മുന്നോട്ടു കുതിക്കുന്ന ബസിലിരുന്ന് ഞാനും ഒരു നോക്ക് കണ്ടു..

അങ്ങനെ ആലുവ RW അഥവാ ഗ്യാരേജ് ജങ്ഷൻ (സത്യത്തിൽ ഇതു കാണാനാണ് ഇത്രയും മിനക്കെട്ടത്). ദശകങ്ങളുടെ മനുഷ്യസേവനത്തിന്റെ അന്തിമഘട്ടം.സ്ക്രാപ്പിനു വേണ്ടി കാത്ത് കിടക്കുന്ന പഴയ ആനവണ്ടികൾ, മല പോലെ അടുക്കി വച്ചിരിക്കുന്ന തേഞ്ഞ ടയറുകൾ, CF ന് നിരനിരയായി കിടക്കുന്ന FP,SF,TT പിന്നെയൊരു ഡീലക്സും. ഇനിയുമെന്തെക്കെയോ കാഴ്ചകൾ ആ ഷീറ്റ് മറകൾക്കപ്പുറം ഉണ്ടെന്ന് തീർച്ച.
പുളിഞ്ചോടും കടന്ന് മാർക്കറ്റ് ജങ്ഷനിലേക്ക്. മേൽപ്പാലത്തിന്റെ അടിയിലുമുണ്ട് ചില കടകൾ(?). പൊടി ശല്യം കുറച്ച് കൂടുതലാണെന്നതൊഴിച്ചാൽ സംഭവം കിടു. മേൽപ്പാലത്തിന്റെ തൂണുകളെ വലം വച്ച് മുന്നോട്ട്. വലതു വശത്ത് പ്രൈവറ്റ് സ്റ്റാൻഡും.
ഒരു നഗരി കാണിക്കൽ കൂടി കഴിഞ്ഞാലേ വണ്ടി സ്റ്റാൻഡിൽ കയറൂ എന്ന് തോന്നുന്നു. Bridge road, Palace road ( പേരിനൊരു പാലസ് ഒക്കെയുണ്ട് കേട്ടോ...),MO road, Pump jn.....നിറയെ വഴിയോരക്കച്ചവടങ്ങളാണ്. Wrist bands ഉം ഫ്രീക്ക് സാനങ്ങളുമാണ് മുഖ്യം.

അങ്ങനെ കറങ്ങിക്കറങ്ങി അവസാനം സ്റ്റാൻഡിലെത്തി. എല്ലാവരും ഇറങ്ങി. കൂടെ ഞാനും. എങ്ങോട്ട് പോകണമെന്നറിയില്ല. അക്ഷമയോടെയും പ്രതീക്ഷയോടെയും   കാത്തുനിൽക്കുന്ന ജനക്കൂട്ടം. അവർക്കിടയിലൂടെ ഞാനും നടന്നു. 

ഒരു ചായകുടി പാസാക്കി മടക്കയാത്രക്കൊരുങ്ങി. അവിടെ പറവൂർ, അങ്കമാലി, മൂവാറ്റുപുഴ, മാള, ചാലക്കുടി, തടികക്കടവ്,എറണാകുളം  ജെട്ടി, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ ബസുകൾ നിരന്ന് നിരന്ന് കിടക്കുന്നു. കുറച്ച് സമയം നിന്ന് ഒരു relaxation  വരുത്തിയതിനുശേഷം പതിയെ തൃപ്പൂണിത്തുറ ബസിൽ കയറി AISAT ടിക്കറ്റെടുത്തു.

പ്രത്യേകിച്ച് ഒന്നും കണ്ടില്ല, ഒന്നും ചെയ്തിട്ടുമില്ല. എങ്കിലും ഒരാശ്വാസം ഒരു സന്തോഷം. ഒരു ചെറിയ ആഗ്രഹം സഫലീകരിച്ച പോലെ....
ഇനി അടുത്ത ആഴ്ച ഏലൂർക്ക് പോണം, അല്ലെങ്കിൽ മേനക വഴി എരമല്ലൂർ. പിന്നെ പറ്റുമെങ്കിൽ പറവൂർക്കും. എന്തൊക്കെയാണെങ്കിലും ആലുവ യാത്ര ഇത്ര വലിയ കോമ്പോ ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതേയില്ല. നിങ്ങൾ ആഗ്രഹിക്കുന്നതു നേടാൻ ഈ പ്രപഞ്ചം മുഴുവൻ നിങ്ങളുടെ കൂടെ നിൽക്കും എന്ന് പണ്ടാരാണ്ടോ പറഞ്ഞപോലെ തീവ്രമായ ആഗ്രഹമാണ് വിജയത്തിന്റെ അടിത്തറ എന്ന് ബോധ്യപ്പെടുത്തൽ ഉണ്ടാകാനായിരിക്കും ഈ കുറച്ച് ദൂരമെങ്കിലും എനിക്ക് യാത്ര ചെയ്യേണ്ടി വന്നത്. NET  കോച്ചിങ്ങിനൊക്കെ പോകുമ്പോൾ ഇടയ്ക്കിടെ ഇങ്ങനെ മോട്ടിവേഷൻ കിട്ടുന്നതും നല്ലതാണ്...!
 
 
 
 
 __അജിൻ J__
 __18/11/2017_

Comments

Popular posts from this blog

🦅"ജടായു പാറ"🦅...The Earths center

💓ഒരു മുഹബത്തിന്റെ കട്ടൻ ⏩

മലബാറിലെ മീശപ്പുലിമല